14,800 അടി ഉയരമുള്ള ഹുറാ ടോപ്പ് കീഴടക്കി തിരുവനന്തപുരം സ്വദേശിനി അനിഷ്മ; അഭിനന്ദനപ്രവാഹം
14,800 അ, ടി ഉയരമുള്ള ഉത്തരാഖണ്ഡിലെ ഹുറ ടോപ്പിൽ കീഴടക്കി അഭിമാനമായി ആര്യനാട് സ്വദേശിനി അനിഷ്മ. ആര്യനാട് പറണ്ടോട് മുള്ളൻകല്ല് അക്ഷയഭവനിൽ സി.അനിൽകുമാറിന്റെയും എ.ഷൈനിയുടെയും മകൾ അനിഷ്മ എസ്.അനിൽ (19) ആണ് ദൊക്രാണി ഗ്ലേഷ്യറിലെ ഹുറ ടോപ്പ് കയറിയത്. തിരുവനന്തപുരം വിമൻസ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് അനിഷ്മ.
ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തരകാശിയിലെ നെഹ്‌റു പർവതാരോഹണ കേന്ദ്രം കഴിഞ്ഞ വർഷം മെയ് 27 മുതൽ ജൂൺ 23 വരെ പരിശീലനം സംഘടിപ്പിച്ചു. കേരളത്തിലും ലക്ഷദ്വീപ് ഡയറക്ടറേറ്റിലും എൻസിസിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനിഷ്മ എസ്.അനിൽ ആൽഫ ഗ്രേഡോടെ പരിശീലനം പൂർത്തിയാക്കി.
ബേസ് ക്യാമ്പിൽ മൂന്ന് ജാക്കറ്റ് വരെ ഇട്ടിട്ടും മാറാത്ത തണുപ്പിലും കൈകൾ ചുരുങ്ങി ശ്വാസം മുട്ടി 22 കിലോ ഭാരവും താങ്ങിയാണ് അനിഷ്മ മല കയറിയത്. പലരും പാതിവഴിയിൽ ഉപേക്ഷിച്ചെങ്കിലും മുന്നോട്ടുവരാനുള്ള നിശ്ചയദാർഢ്യമാണ് എല്ലാ പരീക്ഷണങ്ങളും മറികടന്ന് വിജയത്തിലെത്തിച്ചതെന്ന് അനിഷ്മ പറഞ്ഞു.
2020-ൽ ഉത്തർപ്രദേശിൽ നടന്ന സ്കൂൾ ഗെയിംസിൽ അനിഷ്മ അണ്ടർ 17 കേരള പെൺകുട്ടികളുടെ ടീം ക്യാപ്റ്റനായിരുന്നു. ഇപ്പോൾ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും സംഘടനകളും എല്ലാ ദിവസവും വീട് സന്ദർശിച്ച് ഹുറേ ടോപ്പ് നേടിയ മിടുക്കിയെ കാണാനും ആശംസകള്‍ അറിയിക്കാനും എത്തിക്കൊണ്ടിരിക്കുകയാണ്.
