മോഷണ മുതലുമായി ഓട്ടോയിൽ യാത്ര; ക്ഷേത്രത്തിൽ കവർച്ച നടത്തിയ മദ്ധ്യവയസ്‌കൻ പിടിയിൽ

ക്ഷേത്രത്തിൽ മോഷണം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. വിഴിഞ്ഞം മുക്കോല സ്വദേശി സുഗതൻ (47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തെന്നൂർക്കോണം നഞ്ചവിളാകം ക്ഷേത്രത്തിൽ മോഷണം നടത്തി. ക്ഷേത്രത്തിലെ ആറ് നിലവിളക്കുകളും മൂന്ന് തൂക്കുവിളക്കുകളും ഇയാൾ മോഷ്ടിച്ചു. കൂടാതെ ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചി കുത്തിത്തുറന്ന് കൊള്ളയടിക്കുകയും ചെയ്തു.

 

ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ, ചാക്കിൽ കെട്ടി പല സാധനങ്ങളുമായി സുഗതൻ ഓട്ടോയിൽ പോകുന്നത് കണ്ടതായി നാട്ടുകാർ പോലീസിൽ അറിയിച്ചു. പോലീസ് സുഗതന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും മോഷണ വസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

ചോദ്യം ചെയ്യലിൽ ഇയാൾ തന്നെയാണ് മോഷണം നടത്തിയതെന്ന് സ്ഥിരീകരിച്ചു. മോഷ്ടിച്ച മുതലുകൾ ഉച്ചക്കടയിലെ ഒരു ആക്രിക്കടയിൽ വിറ്റതായി പ്രതി മൊഴി നൽകി. തുടർന്ന് വിറ്റ വസ്തുക്കൾ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ വിനോദ്, ക്രൈം എസ്ഐ ഹർഷകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Prime Reel News

Similar Posts