ഇരട്ടകളിൽ ഒരാൾ പീഡനക്കേസിലെ പ്രതി; പ്രതിയെ തിരിച്ചറിയാൻ പാടുപെട്ട് പോലീസ്; ഒടുവിൽ വിദഗ്ധമായി പൊക്കി
പതിനേഴുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്‌സോ ചുമത്തി മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല കണ്ണംകോട്ട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്. 450, 366 എ, 354 എ (1) (എൻ), 376 (2) (എൻ) തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരട്ടക്കുട്ടികളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി, തുടർന്ന് അതിജീവതയെകൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം ആണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരട്ടക്കുട്ടികളായതിനാൽ ആദ്യഘട്ടത്തിൽ പ്രതികളെ തിരിച്ചറിയാൻ പോലീസിന് ബുദ്ധിമുട്ടായിരുന്നു. ഇതേതുടർന്നാണ് പോലീസിന് രണ്ടുപേരെയും കസ്റ്റഡിയിൽ വാങ്ങേണ്ടി വന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
