കളിത്തോക്ക് ചൂണ്ടി ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് യുവാക്കൾ ദിണ്ടിഗലിൽ അറസ്റ്റിൽ
പാലക്കാട് തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിൽ കളിത്തോക്ക് കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കൾ തമിഴ്‌നാട്ടിൽ പിടിയിലായി. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് 19, കണ്ണൂർ സ്വദേശി അബ്ദുൾ റസീഖ് 24, പാലക്കാട് സ്വദേശി ജപാൽ ഷാ 18, കാസർകോട് സ്വദേശി മുഹമ്മദ് 20എന്നിവരെയാണ് കൊടൈക്കനാൽ റോഡ് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത് . കൈവശം ഉണ്ടായിരുന്ന കളിത്തോക്ക് എടുത്ത് അതിൽ വെടിയുണ്ട നിറയ്ക്കുന്നത് പോലെ കാണിച്ചു. ഇതു കണ്ട് പരിഭ്രാന്തരായ ട്രെയിൻ യാത്രക്കാർ റെയിൽവേ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ട്രെയിൻ കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇരുപതോളം വരുന്ന ആർപിഎഫ് സംഘം ട്രെയിന് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. യുവാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് കീഴ്പ്പെടുത്തി. റെയിൽവേ പോലീസ് യുവാക്കളെ ചോദ്യം ചെയ്തുവരികയാണ്.
