വീണ്ടും ചരിത്രം രചിച്ച് തമിഴ്‌നാട്; മൂന്ന് യുവതികൾ കൂടി പൂജാരിമാരാകുന്നു; ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും

തമിഴ്നാട്ടിൽ മൂന്ന് യുവതികൾ ക്ഷേത്ര പൂജാരിമാരാകുന്നു. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ശ്രീരംഗത്തിലെ ശ്രീ രംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ (പൂജാരി) ട്രെയിനിംഗ് സ്കൂളിൽ നിന്നാണ് മൂവരും പരിശീലനം പൂർത്തിയാക്കിയത്. ഒരു വർഷത്തിനകം ഇവർ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളിൽ സഹ പൂജാരിമാരായി ചുമതലയേൽക്കും.

സെപ്തംബർ 12-ന് ചെന്നൈയിൽ നടന്ന ചടങ്ങിൽ ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് മന്ത്രി പി.കെ.ശേഖർ ബാബുവിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് അർച്ചകർ ഏറ്റുവാങ്ങി. ഇവരോടൊപ്പം 91 പുരുഷന്മാരും 2022-2023 വർഷത്തിൽ പരിശീലനം പൂർത്തിയാക്കി.

ഭഗവാനെ സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് അർച്ചകർ പരിശീലനത്തിന് ചേർന്നതെന്ന് എസ്.രമ്യ പറഞ്ഞു. ആണുങ്ങളുടെ കോട്ടയാണ് തങ്ങൾ തകർത്തതെന്നും പ്രധാന ക്ഷേത്രങ്ങളിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും രമ്യ പറഞ്ഞു. ബിരുദാനന്തര ബിരുദധാരിയായ രമ്യ കടലൂർ ജില്ലക്കാരിയാണ്.

വൈദികർക്കുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയ മൂവരെയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. “വിമാനം പറത്തിയാലും ബഹിരാകാശത്തേക്ക് പോയാലും ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ സ്ഥാനങ്ങളിൽ നിന്ന് സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്നു. സ്ത്രീ ദേവതകൾക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ പോലും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാൽ ഒടുവിൽ അതും മാറി!,” എംകെ സ്റ്റാലിൻ എക്‌സിൽ എഴുതി. ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Prime Reel News

Similar Posts