ഭാര്യയ്ക്ക് അയച്ച ഒരു കോടിയിലധീകം രൂപ കാണാനില്ല, മറ്റൊരാളുമായി ബന്ധമെന്ന് സംശയം; തൃശൂരിൽ ഭാര്യയെ കൊലപ്പെടുത്തിയത് മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി
ചേറൂരിൽ ഭാര്യയെ ഭർത്താവ് കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കല്ലടിമൂല സ്വദേശി സുലി(46)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സുലിയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ (50) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മൂന്ന് ദിവസം മുമ്പാണ് വിദേശത്തായിരുന്ന ഉണ്ണികൃഷ്ണൻ നാട്ടിലെത്തിയത്.
വിദേശത്തായിരുന്നപ്പോൾ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ഉണ്ണികൃഷ്ണന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിദേശത്ത് ജോലി ചെയ്ത ശേഷം ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ച ഒരു കോടിയിലധികം രൂപ കാണാതായെന്നും ഭാര്യക്ക് ഇപ്പോഴും മൂന്ന് ലക്ഷം രൂപയോളം കടമുണ്ടെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതായും ഉണ്ണികൃഷ്ണൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് മൂന്ന് ദിവസം മുമ്പാണ് ഉണ്ണികൃഷ്ണൻ തിരികെ നാട്ടിൽ വന്നത്.
എന്നാൽ വീട്ടിൽ വന്നപ്പോൾ ഭാര്യയുടെ അക്കൗണ്ടിൽ താൻ അധ്വാനിച്ചു ഉണ്ടാക്കിയ ഒരു കോടി രൂപയിലധികം ഉണ്ടായിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിൽ ഭാര്യക്ക് മൂന്ന് ലക്ഷം രൂപ കടമുണ്ടെന്നും കണ്ടെത്തി. പണം കൊണ്ട് എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഭാര്യ മറുപടി പറഞ്ഞില്ല. എന്നാൽ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അടുത്ത സുഹൃത്തുക്കളിൽ നിന്ന് വിവരം ലഭിച്ചതായി ഉണ്ണികൃഷ്ണൻ പറയുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
