ലോൺ പാസ്സാക്കി നൽകും എന്ന പേരിൽ കബളിപ്പിച്ചത് 60 ലധികം പേരെ; അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വ്യക്തിഗത വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് 60 പേരിൽ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തൃശൂർ ചിറക്കൽ സ്വദേശി കടവിൽ വീട്ടിൽ ഗുലാൻ എന്ന് വിളിക്കുന്ന കാർത്തിക് (28) ആണ് അറസ്റ്റിലായത്.
തൃശൂർ സിറ്റി ഷാഡോ പോലീസും ചാവക്കാട് പോലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാവക്കാട് മണത്തല സ്വദേശിയെ ഫോണിൽ വിളിച്ച് വ്യക്തിഗത വായ്പ തരാമെന്ന് പറഞ്ഞ് 75,000 രൂപ തട്ടിയെടുത്ത കേസിലാണ് കുടുക്കിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണെന്ന് പറഞ്ഞ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിൽ വന്ന് പലിശയില്ലാതെ വ്യക്തിഗത വായ്‌പകൾ ശരിയാക്കി നൽകാം എന്ന് പറഞ്ഞായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
വായ്പയെക്കുറിച്ച് ആളുകളോട് സംസാരിക്കുകയും, അവരിൽ നിന്ന് പേപ്പറുകൾ ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്യും, അവരുടെ മൊബൈൽ ഫോൺ നമ്പറുകൾ മനസിലാക്കി പിന്നീട്, ഇരകളെ വിളിച്ച് ലോൺ പാസ് ആയിട്ടുണ്ടെന്നും ഒരു ഒടിപി ലഭിച്ചത് അവരോട് പറയാൻ ആവശ്യപ്പെടുകായും ചെയ്യും. ഇങ്ങനെ ഒ.ടി.പി മനസിലാക്കിയ ശേഷം ഇത്ര രൂപയുടെ ലോണ്‍ പാസായതായി അറിയിക്കും. തുടർന്ന് 15 ദിവസത്തിനകം അംഗീകൃത വായ്പാ തുക ലഭിക്കുമെന്ന് അറിയിച്ച് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും.
പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ലോൺ തുക കിട്ടാതിനാൽ പണം നഷ്ടപ്പെട്ടവർ കാർത്തിക്കിനെ ഫോണിൽ വിളിച്ചാൽ അവരോട് കയർക്കുകയും ചെയ്യും. ലോണ്‍ എടുത്തത് നിങ്ങളാണെന്നും തുകയുടെ തിരിച്ചടവ് സ്വയം നടത്തണമെന്നും പറയും. ഇനി ഫോണില്‍ വിളിച്ച് ശല്യം ചെയ്താല്‍ കേസ് കൊടുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
