ഇത് രണ്ടാം ജന്മം; ആൾമറയിൽ വിശ്രമിക്കാൻ ഇരുന്ന യുവാവ് കിണറ്റിൽ വീണു; 10 മണിക്കൂർ ഹോസിൽ പിടിച്ചുനിന്നു ജീവൻ നിലനിർത്തി
ആൾമറയിൽ വിശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. 10 മണിക്കൂറോളം ഹോസിൽ പിടിച്ചു നിന്നാണ് ജീവൻ നിലനിർത്തിയത്. അഗ്നിശമന സേനയെത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. അഞ്ചേരി സ്വദേശി കുരുതുകുളങ്ങര ജോൺഡ്രിൻ (25) ആണ് തിങ്കളാഴ്ച രാത്രി 10 മണിയോടെ കിണറ്റിൽ വീണത്.
25 അ, ടി താഴ്ചയുള്ള കിണറ്റിൽ 10 അടിയിലധികം വെള്ളമുണ്ടെന്ന് അഗ്നിശമനസേന അറിയിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഇയാളെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. ഒല്ലൂർ തിരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വൈലോപ്പിള്ളി സ്മാരക ഗവ. ജോൺ സ്കൂൾ കിണറ്റിന്റെ അരികിൽ ഇരിക്കുകയായിരുന്നു. അറിയാതെ ഉറങ്ങിപോയതിനെ തുടർന്നാണ് ആൾമറയിൽ നിന്നും കിണറ്റിൽ വീണത്.
കിണർ ഇരുമ്പ് ഗ്രിൽ കൊണ്ട് മൂടിയിരുന്നെങ്കിലും തുരുമ്പെടുത്ത് പഴകിയതിനാൽ ഒരു ഭാഗം അടർന്നുവീണു. ചൊവ്വാഴ്ച രാവിലെ കിണറ്റിൽ നിന്നുള്ള നിലവിളി കേട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തിയവരാണ് ജോണിനെ കണ്ടത്. അവർ അഗ്നിശമനസേനയെ വിവരമറിയിച്ചു. മോട്ടോറിന്റെ ഹോസ് പിടിച്ച് മണിക്കൂറുകളോളം യുവാവ് കിണറ്റിൽ ചെലവഴിച്ചു. ഫയർ റെസ്‌ക്യൂ ടീം സ്ഥലത്തെത്തി യുവാവിന് ഇരിക്കാവുന്ന വലിയ വല കിണറ്റിലേക്ക് ഇറക്കിയാണ് യുവാവിനെ പുറത്തെത്തിച്ചത്.
