ബിഹാറിൽ നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി; മൂന്നു കോച്ചുകളാണ് പാളം തെറ്റിയത്, അപകടത്തിൽ ആളപായമില്ല
ബീഹാറിലെ ബക്‌സറിലാണ് ട്രെയിൻ പാളം തെറ്റിയത്. ബക്‌സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്‌റ്റേഷനു സമീപമാണ് സംഭവം. ഡൽഹിയിൽ നിന്ന് കാമാഖ്യയിലേക്കുള്ള നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ജില്ലാ ഭരണകൂടവും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ബക്സർ ജംഗ്ഷനിൽ നിന്ന് പട്നയിലേക്ക് പുറപ്പെട്ടു. തുടർന്ന് രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ പാളം തെറ്റി. അപകടത്തെ തുടർന്ന് മറ്റ് ട്രെയിനുകളുടെ സർവീസുകൾ നിർത്തിവച്ചു. ബക്‌സറിൽ നിന്ന് അറയിലേക്കും തുടർന്ന് പട്‌നയിലേക്കും ട്രെയിൻ നിർത്തിയതായി റിപ്പോർട്ട്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്
