കൊല്ലത്ത് അമേരിക്കൻ വനിതയോട് സൗഹൃദം സ്ഥാപിച്ച ശേഷം മദ്യം നൽകി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അമേരിക്കയിൽ നിന്നും വന്ന 44 കാരിയെയാണ് ചെറിയഴിക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചത്. വള്ളിക്കാവ് അമൃതപുരയിൽ എത്തിയതായിരുന്നു അമേരിക്കൻ സ്വദേശി.
രണ്ടുദിവസം മുൻപാണ് സംഭവം നടന്നത്. ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയോട് സൗഹൃദം സ്ഥാപിച്ച ശേഷം അവർക്ക് സിഗരറ്റ് നൽകി. അവർ വേണ്ടെന്നു പറഞ്ഞെങ്കിലും മദ്യക്കുപ്പി എഴുത്തുകാട്ടി മദ്യം തരാമെന്ന് പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്.
മദ്യം അമിതമായി കഴിച്ചതിനാൽ ഇവർക്ക് ബോധം നഷ്ടപ്പെട്ടു. പിന്നീടാണ് ആശ്രമത്തിലെത്തിയത്. താൻ പീഡിപ്പിക്കപ്പെട്ട വിവരം പിന്നീട് ആശ്രമത്തിലെ അധികൃതരോട് പറയുകയായിരുന്നു. പിന്നീട് ആശ്രമം അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. കരുനാഗപ്പള്ളി പോലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
