യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; യുവാവിന്റെ വീട് കത്തിച്ച് യുവതിയുടെ ബന്ധുക്കൾ; രണ്ട് പേർ അറസ്റ്റിൽ
വാക്ക് തർക്കത്തിനൊടുവിൽ വീട് കത്തിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശി നടരാജന്റെ വീടാണ് കത്തിനശിച്ചത്. സംഭവത്തിൽ പള്ളിപ്പാട്ടുമുറി സ്വദേശികളായ അഭിജിത്ത് (26), മാഞ്ചി ദത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് പ്രതികൾ നടരാജന്റെ വീടിന് തീയിട്ടത്. വീട്ടിലെ ടെലിവിഷനും ഫ്രിഡ്ജും കത്തിനശിച്ചു.
നടരാജന്റെ മകൻ മനോജ് കഴിഞ്ഞ ദിവസം ഒരു യുവതിയോട് മോശമായി പെരുമാറി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. മനോജിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തുടർന്ന് രാത്രിയോടെ യുവതിയുടെ ബന്ധുക്കളായ പ്രതികൾ മനോജിന്റെ വീട്ടിലെത്തി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി.
അന്നു രാത്രി തന്നെ മണിരാജനും കുടുംബവും പോലീസിൽ പരാതി നൽകി. പിന്നീട് രാത്രി 10 മണിയോടെ നടരാജന്റെ വീടിന് തീയിട്ടു. ബഹളം കേട്ട് നടരാജനും ഭാര്യയും ഓടി രക്ഷപ്പെട്ടു. ഈ സമയം മനോജ് വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
