തീയേറ്ററിലെ തര്‍ക്കം കലാശിച്ചത് വടിവാൾ ആക്രമണത്തിൽ; തിരുവല്ലയില്‍ യുവാക്കൾ അറസ്റ്റിൽ

സിനിമ തീയേറ്ററിലെ തർക്കത്തെ തുടർന്ന് മൂന്ന് പേരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതികൾ പാണ്ടനാട് സ്വദേശി സുധീഷ്, കീച്ചേരിമേൽ സ്വദേശി സുജിത്ത് കൃഷ്ണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതി കടപ്ര സ്വദേശി നിഷാദ് ഒളിവിലാണ്. സിനിമ കാണുന്നതിനിടെ തുടങ്ങിയ വാക്ക് തർക്കമാണ് ഒടുവിൽ വടിവാൾ ആക്രമണത്തിൽ കലാശിച്ചത്. പരുമല സ്വദേശികളായ മൂന്ന് പേർക്ക് വെട്ടേറ്റു.

തിരുവല്ല കടപ്രയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സിനിമ കാണുന്നതിനിടെയുണ്ടായ തർക്കം കൈയാങ്കളിയായി. ഇതേത്തുടർന്ന് ജീവനക്കാർ ഇരുകൂട്ടരെയും തിയേറ്ററിൽ നിന്ന് പുറത്താക്കി. തുടർന്ന് ഒന്നാം പ്രതി സുധീഷും കൂട്ടുപ്രതിയായ നിഷാദും ചേർന്ന് പരുമല സ്വദേശികളെ വടിവാൾ കൊണ്ട് വെട്ടി.

സംഭവമറിഞ്ഞ് പുളിക്കീഴ് പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. ഒളിവിൽ പോയ മുഖ്യപ്രതി സുധീഷിനെ ചെങ്ങന്നൂരിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ ഒളിവിൽ പാർപ്പിച്ചതിനാണ് സുജിത്ത് കൃഷ്ണനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സുധീഷിനെതിരെ അഞ്ച് വധശ്രമക്കേസുകളടക്കം പത്തോളം ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഒളിവിലുള്ള രണ്ടാം പ്രതി നിഷാദിനായുള്ള തെരച്ചിൽ തുടരുകയാണ് പോലീസ്.

Prime Reel News

Similar Posts