ഭിന്നശേഷിക്കാർക്കുള്ള 100 വീൽചെയറുകൾ നടൻ ഉണ്ണി മുകുന്ദൻ കൈമാറി. പുതിയ ചിത്രമായ ജയ് ഗണേഷിൻ്റെ ഓഡിയോ ലോഞ്ചിലാണ് വീൽചെയറുകൾ വിതരണം ചെയ്തത്. ചിത്രത്തിലെ നായിക മഹിമ നമ്പ്യാർ, ഉണ്ണി മുകുന്ദൻ്റെ അച്ഛൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ജയ് ഗണേശിലാണ് ഉണ്ണിമുകുന്ദൻ ദിവ്യാംഗനായി എത്തുന്നത്. ചിത്രം ഏപ്രിൽ 11ന് തിയേറ്ററുകളിലെത്തും. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിൻ്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന ട്രെയിലർ ലോഞ്ചിൽ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർക്കൊപ്പം ഭിന്നശേഷിക്കാരും മുഖ്യാതിഥികളായിരുന്നു. അന്ന് തൻ്റെ ജീവിതം മാറ്റിമറിച്ച കഥാപാത്രമാണ് ജയ് ഗണേശനെന്ന് ഉണ്ണി പറഞ്ഞു. ജയഗണേഷിൻ്റെ വിജയാഘോഷത്തിൻ്റെ വേദിയിൽ ഭിന്നശേഷിക്കാർ ഉണ്ടാകുമെന്നും ഉണ്ണി ഉറപ്പ് നൽകിയിരുന്നു.