മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന 75 കാരിയുടെ സ്വപ്നം സാക്ഷാത്കരിച്ച് ഉണ്ണി മുകുന്ദൻ
കുതിരാനിലെ മേൽക്കൂരയില്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന 75 കാരിയായ അന്നക്കുട്ടിക്ക് സഹായഹസ്തവുമായി നടൻ ഉണ്ണി മുകുന്ദൻ. അടച്ചുറപ്പുള്ള സ്വന്തം വീട് എന്ന അന്നമ്മയുടെ സ്വപ്നം ഉണ്ണി മുകുന്ദൻ സാക്ഷാത്കരിച്ചു. 2018ലെ വെള്ളപ്പൊക്കത്തിൽ ആണ് അന്നക്കുട്ടിയുടെ വീട് തകർന്നത്.
വന്യമൃഗങ്ങൾ പെരുകുന്ന കുതിരാനിലെ മേൽക്കൂരയില്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് 75കാരിയായ അന്നക്കുട്ടി. അഞ്ചുവർഷമായി ഈ ദുരന്ത ജീവിതം തുടരുന്നുവെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് ഉണ്ണിമുകുന്ദൻ അറിഞ്ഞത്. പുതിയ വീടിന്റെ താക്കോൽ ഒക്ടോബർ 29ന് വൈകിട്ട് 4.30ന് തൃശൂർ കുതിരാനിലെ വീട്ടിൽ വച്ച് ഉണ്ണി മുകുന്ദൻ അന്നക്കുട്ടിക്ക് കൈമാറി.
പുതിയ വീടിന് സർക്കാരിൽ നിന്ന് 4 ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാറുകാരൻ പണം വാങ്ങി പാതിവഴിയിൽ പണി ഉപേക്ഷിച്ചു. ഇതോടെ അന്നക്കുട്ടിയുടെ ജീവിതം തീർത്തും ദുരിതപൂർണമായി. ഉണ്ണി മുകുന്ദന്റെ അച്ഛൻ മുകുന്ദൻ, കമ്പനി സിഒ ജയൻ മഠത്തിൽ എന്നിവർ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് സ്വന്തം വീട് എന്ന ഉറപ്പ് നൽകി.
വീട് നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മേൽക്കൂര പണിയുന്നതിനു പുറമേ, നിലവിലുള്ള വീട് പൂർണ്ണമായും ബലപ്പെടുത്തുകയും വാതിലുകളും ജനലുകളും സ്ഥാപിക്കുകയും ചെയ്തു. തറ പൂർണമായും ടൈൽ പാകിയിട്ടുണ്ട്.
