സ്കൂൾ ഉച്ചഭക്ഷണ പ്രതിസന്ധിയുടെ കാരണവും കേന്ദ്രമാണ്; വീഴ്ചകൾ എണ്ണി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണം പ്രതിസന്ധിയിലാകാൻ കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും (അരി) പ്രവർത്തനച്ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകണമെന്നാണ് ചട്ടം. എന്നാൽ, പദ്ധതിയിൽ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹമായ കേന്ദ്ര വിഹിതം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ വലിയ കാലതാമസം വരുത്തുന്നതായി മന്ത്രി പറഞ്ഞു.

കേന്ദ്ര വിഹിതം ലഭിക്കുന്നതിനുള്ള നിർദേശങ്ങളും മുൻവർഷത്തെ ധനവിനിയോഗ പത്രികകളും കൃത്യസമയത്ത് സമർപ്പിക്കുമ്പോഴും അനാവശ്യ തടസ്സങ്ങൾ ഉന്നയിച്ച് സംസ്ഥാനങ്ങൾക്ക് നൽകേണ്ട തുക വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നടപടിയാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്.

ഇത് പദ്ധതിയുടെ നടത്തിപ്പ് വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്രവിഹിതം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ സ്‌കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള ഫണ്ടും പാചകത്തൊഴിലാളികൾക്ക് അവരുടെ പ്രതിമാസ ഓണറേറിയവും കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Prime Reel News

Similar Posts