പുതുപുത്തൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകളുടെ ചിത്രങ്ങൾ പുറത്ത്; ഓരോ കോച്ചുകൾക്കും മിനി പാൻട്രി
ദീർഘദൂര സർവീസുകൾക്കായി നിർമ്മിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 2024 ഫെബ്രുവരിയോടെ പുറത്തിറങ്ങും. നിലവിലെ വന്ദേ ഭാരതിന് സമാനമായി, യാത്രക്കാർക്ക് പരമാവധി സൗകര്യം ഉറപ്പാക്കുന്ന തരത്തിലാണ് കോച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ബിഇഎംഎല്ലുമായി സഹകരണത്തോടെ നിർമ്മിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ഡിസൈൻ പൂർത്തിയായി.
അഞ്ച് മാസത്തിനുള്ളിൽ പുറത്തിറങ്ങുന്ന ട്രെയിനിന്റെ രേഖാചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു. ആദ്യ പ്രോട്ടോടൈപ്പ് ട്രെയിനിന്റെ നിർമാണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. പ്രോട്ടോടൈപ്പ് ട്രെയിൻ ഈ വർഷംഅവസാനത്തോടെ പുറത്തിറക്കുമെന്നും, ഫെബ്രുവരിയോടെ തന്നെ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പൂർണമായും ശീതീകരിച്ച ട്രെയിനിൽ ത്രീ ടയർ, ടു ടയർ എസി കോച്ചുകളും, ഫസ്റ്റ് ക്ലാസ് കോച്ചുകളും ഉണ്ടാകും. ട്രെയിനിൽ ആകെ 16 കോച്ചുകളാണ് ഉണ്ടാവുക. ആവശ്യത്തിന് വെളിച്ചവും, വായുസഞ്ചരവും ഉറപ്പു വരുത്തുന്ന കോച്ചുകളിൽ മുകളിലെ ബെർത്തിലെ യാത്രക്കാർക്ക്വരെ എളുപ്പത്തിൽ പ്രവേശിക്കാവുന്ന തരത്തിലുള്ള ഗോവണികളും ഉണ്ടായിരിക്കും. വിമാനത്തിലേതു പോലെ വാഷ്‌റൂമുകളും, കോച്ചുകളിൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനവും ഉണ്ടാകും. എല്ലാ കോച്ചുകളിലും ഒരു മിനി പാൻട്രിയും ഉണ്ടായിരിക്കും.
നിലവിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ നിന്ന് പുറം കാഴ്ചയിൽ വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ നിറം നൽകിയേക്കാം. എല്ലാ പുതുമകളും ട്രെയിനിനുള്ളിലാണ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് ആകെ 857 ബെർത്തുകളാണു ഉണ്ടാവുക. ഇതിൽ 823 ബെർത്തുകൾ യാത്രക്കാർക്ക് അനുവദിക്കും. ബാക്കിയുള്ളത് ജീവനക്കാർക്കുള്ളതാണ്. ഇത്തരത്തിലുള്ള 10 ട്രെയിനുകളാണ് ഐസിഎഫ് നിർമ്മിക്കുന്നത്. പുതിയ ട്രെയിനുകൾ വരുന്നതിനൊപ്പം വീൽചെയർ യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ റാമ്പുകൾ സ്ഥാപിക്കാനും റെയിൽവേ ഒരുങ്ങുന്നുണ്ട്.
ബിഇഎംഎൽ തയാറാക്കിയ കോച്ചിന്റെ രൂപരേഖ ഐസിഎഫ് അംഗീകരിച്ചു. ഇതിൽ ചില മാറ്റങ്ങൾ വരുത്തിയതായി റെയിൽവേ മന്ത്രി പറയുന്നു. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കുക എന്ന ഉദ്ദേശത്തോടെ ഇന്റീരിയറിന്റെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമായും രാത്രി സർവീസുകൾക്കായി ഉപയോഗിക്കുന്ന ഈ ട്രെയിനുകൾ യാത്രക്കാർക്ക് ദീർഘദൂരം സഞ്ചരിക്കാൻ സഹായിക്കുമെന്നും, ഇത് റെയിൽവേയിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ വന്ദേ ഭാരത് കോച്ചുകളുടെ ഇന്റീരിയർ നിലവിലുള്ള സ്ലീപ്പർ കോച്ചുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ബീജ്, ഗ്രേ, വൈറ്റ് ഇന്റീരിയർ എൽഇഡി ലൈറ്റുകളാൽ പ്രകാശിക്കുന്നത്.
പുറത്തുവന്ന രേഖചിത്രങ്ങളിൽ നീളമുള്ള ലൈറ്റുകൾ പാനലുകളിൽ നിന്ന് പുറത്തേക്കു തള്ളി നിക്കുന്നതല്ല. നിലവിലുള്ള ബ്രൗൺ നിറത്തിന് പകരം ഇളം ബീജ് നിറമായിരിക്കും ബർത്തുകൾ. ടു ടയർ എസി കോച്ചിന് മുകളിലെ ബർത്തിൽ എത്താൻ പടികളിൽ അഞ്ച് പടികൾ ഉണ്ടായിരിക്കും. പ്രായമായ യാത്രക്കാർക്ക് പോലും എളുപ്പത്തിൽ ബർത്തിൽ കയറാൻ ഇത് സഹായിക്കും. കോച്ചുകളുടെ തറയിലെ വിനൈൽ രണ്ട് നിറങ്ങളായിരിക്കും. ബർത്തുകൾക്കിടയിലുള്ള നടപ്പാതയ്ക്ക് ഇരുണ്ട നിറമുള്ള ഫ്ലോർ ആയിരിക്കും. യാത്രക്കാർക്ക്ഉള്ള ഭാഗത്ത് ഇളം ചാരനിറവും. ഇപ്പോഴുള്ള എൽഎച്ച്ബി കോച്ചുകൾ പോലെ വലിയ വലിപ്പമുള്ള വിൻഡോകളും ഇതിലുണ്ടാകും.
ശബ്ദവും,വിറയലും തീരെ കുറവാണെന്നതാണ് വന്ദേ ഭാരത് കോച്ചുകളുടെ മെച്ചം . ഈ സാഹചര്യത്തിൽ യാത്രക്കാർക്കും നല്ല ഉറക്കം ലഭിക്കും. ട്രെയിനുകൾ പുറത്തിറങ്ങിയ ശേഷമേ ബെർത്തുകളുടെ നിലവാരം വ്യക്തമാകൂ. 14 മിനിറ്റ് കൊണ്ട് ട്രെയിൻ മുഴുവൻ വൃത്തിയാക്കാനുള്ള സംവിധാനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ട്രെയിനിന്റെ വൃത്തിയുടെ കാര്യത്തിലും സംശയം വേണ്ട. ഓരോ കോച്ചിലും മൂന്ന് ടോയ്‌ലറ്റുകൾ വീതമുണ്ടാകും. സാധാരണ വന്ദേ ഭാരത് എക്‌സ്പ്രസിന് ഒരു കോച്ചിൽ രണ്ട് ടോയ്‌ലറ്റുകളും, എൽഎച്ച്ബി കോച്ചിൽ നാല് ടോയ്‌ലറ്റുകളുമുണ്ട്.
പുതിയ വന്ദേ ഭാരത് സ്ലീപ്പറിൽ നാലാമത്തെ ടോയ്‌ലറ്റിന് പകരം മിനി പാൻട്രി ആയിരിക്കും ഉണ്ടാവുക. ഓരോ കോച്ചിലെയും യാത്രക്കാർക്കുള്ള ഭക്ഷണം ഇവിടെനിന്നായിരിക്കും. ചെന്നൈയിൽ നിർമിക്കുന്ന പത്ത് പുതിയ സ്ലീപ്പർ ട്രെയിനുകൾക്ക് പുറമെ 200 സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനുള്ള കരാറും റെയിൽവേ നൽകിയിട്ടുണ്ട്. ട്രാൻസ്മാഷ് ഹോൾഡിംഗ് ആർവിഎൻഎൽ കൺസോർഷ്യം 120 ട്രെയിനുകളും ഭെൽ ടിറ്റഗഡ് വാഗൺസ് കൺസോർഷ്യം 80 ട്രെയിനുകളും നിർമ്മിക്കും. ഈ ട്രെയിനുകൾ പുറത്തിറങ്ങാൻ രണ്ട് വർഷത്തിലേറെ കാത്തിരിക്കേണ്ടി വരും.
കേരളത്തിൽ നിന്നുള്ള ദീർഘദൂര സർവീസുകൾക്ക് പകരം വരുന്ന ഈ ട്രെയിനുകൾ രാജധാനി സർവീസുകൾക്ക് പകരം കൂടി ഓടും. എല്ലാ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകളും ഒരേ ഡിസൈൻ ആയിരിക്കും പിന്തുടരുക എന്നും, സ്വകാര്യ കമ്പനികളുടെ സഖ്യങ്ങൾ ഈ രൂപകല്പനഅംഗീകരിക്കുമെന്നും ,പ്രോട്ടോടൈപ്പ് ട്രെയിൻ ഈ വർഷം ഡിസംബറിൽ പുറത്തിറക്കുമെന്നും, ഫെബ്രുവരിയിൽ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
