കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിന് മലപ്പുറം തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. എം.പി ഇ.ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേ മന്ത്രിയുമായും ബന്ധപ്പെട്ടവരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ഞായറാഴ്ചയാണ് കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുക. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ഓട്ടം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുക. വന്ദേഭാരതിന്റെ ട്രയല്‍റണ്‍ ഇന്ന് പൂര്‍ത്തിയാകും. പുതിയ ഓറഞ്ചും കറുപ്പും നിറമാണ് ട്രെയിനിന്. നിലവിൽ എട്ട് കോച്ചുകളാണുള്ളത്.

ഇന്നലെ ട്രെയിനിന്റെ ആദ്യ പരീക്ഷണം നടത്തി. കൊച്ചുവേളിയിലെ പിറ്റ്ലൈനില്‍ എത്തിച്ച് പരിശോധനകള്‍ നടത്തിയ ശേഷമാണ് വൈകിട്ട് 4.05ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ ട്രെയിന്‍ കാസര്‍കോട് എത്തി. ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് ഇന്ന് ട്രയല്‍ റണ്‍ നടത്തുന്നത്.

26 മുതൽ സാധാരണ രീതിയിൽ സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. രാവിലെ കാസർകോട് നിന്ന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെട്ട് രാത്രി 11.55 ന് കാസര്‍കോട്ടെത്തും. ആഴ്ച്ചയില്‍ ഒരു ദിവസം സര്‍വ്വീസ് ഉണ്ടാകില്ല.

Prime Reel News

Similar Posts