വെള്ളൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും 38 കോടി രൂപ അടയ്ക്കണം; ഉത്തരവുമായി സഹകരണ വകുപ്പ്
കോട്ടയം ജില്ലയിലെ വെള്ളൂര്‍ സർവീസ് സഹകരണ ബാങ്കിലെ അന്നത്തെ 21 മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ആറ് ജീവനക്കാരും ചേർന്ന് 38.33 കോടി രൂപ അടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) 2021ലെ ഉത്തരവിനെതിരെ നൽകിയ അപ്പീൽ തീർപ്പാക്കിയ ശേഷമാണ് സഹകരണ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 21 മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ആറ് ജീവനക്കാരും അടക്കേണ്ട തുകയും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സിപിഎം ഭരിക്കുന്ന ബാങ്കിൽ 1999-2016 കാലയളവിലാണ് ക്രമക്കേട് നടന്നത്. അന്നത്തെ ബാങ്ക് പ്രസിഡന്റും മറ്റ് അംഗങ്ങളും തട്ടിപ്പിൽ പങ്കാളികളാണെന്നും ഉത്തരവിൽ പറയുന്നു. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ചുമതല പ്രസിഡന്റിനാണ്. ഈ ചുമതല നിർവ്വഹിച്ചില്ല. ബാങ്കിന്റെ മൂലധനം സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തമുള്ള ഭരണസമിതി പരാജയപ്പെട്ടു.
ഏത് തരത്തിലുള്ള വായ്പയും പ്രസിഡന്റും ഭരണസമിതിയിലെ രണ്ട് അംഗങ്ങളും ഒപ്പിട്ടിരിക്കണം. കുടിശ്ശികയുള്ള വായ്പകൾ തിരിച്ചുപിടിക്കാൻ നടപടിയുണ്ടായില്ല. വായ്പ നൽകൽ, നിക്ഷേപം, ജിഡിസിഎസ് അഴിമതി എന്നിവ നടന്നു. ഓഹരി അനുപാതം പാലിക്കാതെയാണ് വായ്പ നൽകിയത്. തട്ടിപ്പിൽ അന്നത്തെ സെക്രട്ടറിക്കും വ്യക്തമായ പങ്കുണ്ട്. നിലവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയുന്നില്ല എന്ന അവസ്ഥയിലാണ് ബാങ്ക്.
