വീടിന് സമീപം ഒളിച്ചിരുന്ന ഭർത്താവ് ഭാര്യയെയും, അമ്മായി അമ്മയെയും വെട്ടി പരിക്കേല്പിച്ചു; ഒളിവിൽ പോയ യുവാവിനുവേണ്ടി തിരച്ചിൽ
കോഴിക്കോട് കോടഞ്ചേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി പരിക്കേപ്പിച്ചു. കോടാഞ്ചേരി പാറമല സ്വദേശി ബിന്ദുവിനും, അമ്മ ഉണ്ണ്യാതയ്ക്കും ആണ് പരിക്കേറ്റത്.
ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ആക്രമണം നടത്തിയത്. കുറെനാളായി കുടുംബപ്രശ്‌നങ്ങൾ പതിവാണ്. ഷിബു കുറച്ചുകാലമായി ഇവരിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. ഇന്ന് രാവിലെ സ്ഥലത്തെത്തി വീടിന് സമീപം ഒളിച്ചിരുന്ന ശേഷം ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.
ബിന്ദുവിന്റെ തലയ്ക്കും തോളിനും കൈയ്ക്കും പരിക്കേറ്റു. അക്രമം തടയാൻ ശ്രമിച്ച ഉണ്ണ്യാതയുടെ ഒരു വിരൽ അറ്റുപോയി. താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിന് മുമ്പും ഷിബുവിനെതിരെ ബിന്ദു പോലീസിൽ പരാതി നൽകിയിരുന്നു.
ഷിബുവിനെ കണ്ടെത്താൻ കോടഞ്ചേരി പോലീസ് തിരച്ചിൽ നടത്തുകയാണ്. ഇരുവർക്കും ആവശ്യമായ നിയമസഹായം നൽകുമെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.
