നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. മാറനല്ലൂർ കൂവളശ്ശേരി നവോദയ ലെയിൻ അനുഗ്രഹ ഭവനം എസ്.ഷീജ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാറ്റിൻകര പെട്രോൾ പമ്പിന് എതിർവശത്തായിരുന്നു ഈ അപകടം സംഭവിച്ചത്.
ബസിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഷീജയുടെ ദേഹത്തുകൂടെയാണ് ബസ് കയറിയത്. നെയ്യാറ്റിൻകരയിൽ നിന്ന് പാറശ്ശാലയിലേക്ക് പോവുകയായിരുന്നു ബസും സ്കൂട്ടറും. പോലീസ് എത്തി ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കളിയിക്കാവിളയിലേക്ക് സർവീസ് നടത്തുന്ന പാപനംകോട് ഡിപ്പോയുടെ ബസാണ് അപകടത്തിൽപ്പെട്ടത്.
ഷീജയുടെ ഭർത്താവ് ഡൊമനിക്ക് ഒരുവർഷം മുമ്പ് മരിച്ചുപോയിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലാണ് ഷീജ ഫീല്‍ഡ് സ്റ്റാഫായി ചേര്‍ന്നത്. ഒരു ടീ കമ്പനിയിലെ ഫീൽഡ് സ്റ്റാഫാണ് ഷീജ. കടകളിൽ നിന്ന് ഓർഡർ വാങ്ങാൻ പോകുമ്പോഴായിരുന്നു അപകടം. വിദ്യാർഥികളായ ഷാരോൺരാജ്, അഭിനന്ദ് എന്നിവരാണ് ഷീജയുടെ മക്കൾ. കെഎസ്ആർടിസി ബസ് ഡ്രൈവർ അനൂപിനെതിരെ പൊലീസ് കേസെടുത്തു.