ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ബന്ധുക്കൾ

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുമരകം സ്വദേശി നിധീഷിന്റെ ഭാര്യ രജിത(33)യാണു മരിച്ചത്. ആലപ്പുഴ വനിതാ- ശിശു ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രജിത പ്രസവിച്ചത്. തുടർന്ന് അബോധാവസ്ഥയിലായ രജിതയെ വണ്ടാനം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് യുവതി മരിച്ചത്.

വനിതാ ശിശു ആശുപത്രിയിൽ നൽകിയ അനസ്‌തേഷ്യയിലെ പിഴവാണു മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രജിതയ്‌ക്കെടുക്കുന്ന ഇൻജക്ഷന്റെ ചിലവ് തങ്ങൾ വഹിച്ചുകൊള്ളാമെന്ന് ആശുപത്രിയിലെ ഡോക്ടർ വാഗ്ദാനം ചെയ്തതായും ബന്ധുക്കൾ പറയുന്നു. രാവിലെ എട്ട് മണിയോടെയായിരുന്നു രജിത പ്രസവിച്ചത്. പ്രസവശേഷം രജിതയ്‌ക്കു ഹൃദയാഘാതമുണ്ടായെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റണമെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.

വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് മെഡിക്കൽ കോളേജിൽ നിന്ന് എത്തിച്ചാണ് രജിതയെ ആശുപത്രി മാറ്റിയത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ നില അതീവ ഗുരുതരമാണെന്നും തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലാണെന്നും അറിയിച്ചു. തുടർന്ന് നാല് ദിവസത്തോളം രജിത വെന്റിലേറ്ററിൽ കഴിഞ്ഞു.

രജിതയുടെ മരണത്തിന് പിന്നാലെ വനിത ശിശു ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. ആരോഗ്യ മന്ത്രിക്കടക്കം നിവേ, ദനം നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രസവശസ്ത്രക്രിയയ്‌ക്കു ശേഷം യുവതിയ്‌ക്ക് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നും വനിതാശിശു ആശുപത്രി സൂപ്രണ്ട് ഡോ. ദീപ്തി അറിയിച്ചു.

Prime Reel News

Similar Posts