വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്തു യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം വാങ്ങി കബളിപ്പിച്ചു; യുവാവ് പിടിയില്‍
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ വിസ തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ചെമ്പന മലമ്പുഴ സ്വദേശി രാജേന്ദ്രനെയാണ് (44) പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം കൊല്ലം സ്വദേശിനിയായ യുവതി പാലക്കാട് കസബ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
യുവതിയുടെ ബാങ്ക് അക്കൗണ്ട് വഴിയും യൂറോപ്പിലേക്ക് കൊണ്ടുപോകാമെന്ന വാഗ്ദാനത്തിൽ നേരിട്ടും അഞ്ചര ലക്ഷം രൂപ യുവതിയിൽ നിന്ന് ഇയാൾ വാങ്ങി. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതി ചെലവഴിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
പരാതിയെ തുടർന്ന് ഇയാളുടെ മരുതറോഡ് ഓഫീസ് സീൽ ചെയ്തു. ചന്ദ്രനഗറിലെ വാടക വീടിന്റെ മറവിലാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിച്ചിരുന്നത്. കേരളത്തിലെ പല ജില്ലകളിലും പ്രതികളുടെ പേരിൽ സമാനമായ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ്, എഎസ്പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദേശപ്രകാരം കസബ ഇൻസ്പെക്ടർ രാജീവ്, എസ്ഐമാരായ രാജേഷ്, മുഹമ്മദ് ഹനീഫ, എസ്സിപിഒമാരായ സിജി, സുനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
